ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കുലശേഖര രാജാക്കന്മാരുടെ കാലത്ത് രാജ്യത്തെ 18 നാടുകളായി വിഭജിച്ചിരുന്നു. അതിലൊന്നാണ് വെമ്പല നാട്. വെമ്പല നാട്ടിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു നീണ്ടൂർ. പതിനൊന്നാം നൂറ്റാണ്ടിൽ ചേര ചോള യുദ്ധത്തെ തുടർന്ന് ചേര രാജ്യം ചിന്ന ഭിന്നമായപ്പോൾ ഈ സ്ഥലം വടക്കുംകൂർ പ്രദേശത്തിന്റെ ഭാഗമായി. വേദഗിരി മലയുടെ തുടർച്ചയായി കിടക്കുന്ന പ്രദേശമാണ് ഇവിടവും. വടക്കും കൂറും ,തെക്കും കൂറും രാജാക്കന്മാരുടെ മൽസരത്തിന് ഈ ഗ്രാമത്തിന്റെ അയൽനാടുകളിൽ പലതും വേദിയായിട്ടുണ്ട്. വേദഗിരിക്ക് സമീപം വടക്ക് കുതിരക്കാട്ടകുന്ന് എന്ന് വിളിച്ചിരുന്ന കുന്നിൻ പ്രദേശത്തിന്റെ തെക്കേ അടിവാരത്തിൽ ഏതാനും പുരയിടങ്ങളിൽ വലിയ കൽത്തറകളുടെ അവശിഷ്ടങ്ങൾ മണ്ണിൽ പുതഞ്ഞു കിടക്കുന്നതായി കണ്ടത്തിയിട്ടുണ്ട്. അവിടെ വടക്കുംകൂർ രാജാക്കൻമാരുടെ കൊട്ടാരവും ക്ഷേത്രവും വീരാഴിക്കെട്ടും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പതിനഞ്ചാം ശതകം വരെ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. വടക്കും കൂർ രാജാവിന്റെ ആസ്ഥാനം ആദ്യം കടുത്തുരുത്തിയും പിന്നീട് വൈക്കവുമായിരുന്നു. പിൽക്കാലത്ത മാർത്താണ്ടവർമ്മ രാജാവ് തെക്കുംകൂറും വടക്കുംകൂറും തിരുവിതാംകൂറിനോട് കൂട്ടി ചേർത്തപ്പോൾ ഈ ഗ്രാമവും തിരുവിതാംകൂറിന്റെ ഭാഗമായി നാട്ടുരാജ്യങ്ങൾ പിടിച്ചെടുക്കന്നതോടൊപ്പം പ്രസ്തുത രാജ്യത്തെ സർവ്വവിധ രേഖകളും തന്റെ ദളവയായ രാമയ്യന്റെ ഉപദേശ പ്രകാരം മാർത്താണ്ടവർമ്മ നശിപ്പിച്ചതായി പറയപ്പെടുന്നുണ്ട്. ഇന്ന പഞ്ചായത്തിലുള്ള പാടശ്ശേഖരങ്ങളും പുരയിടങ്ങളുമെല്ലാം ഒരുകാലതത് പാട്ടഭുമിആയിരുന്നു. ഈ ഭൂമിയിൽ കൃഷി ചെയ്യുന്നവർ ദേവസ്വത്തിനും ജന്മിക്കും പാട്ടം കൊടുക്കേണ്ടിയിരുന്നു. പിൽക്കാലത്ത ഭൂനിയമം വന്നപ്പോഴാണ് ഈ വ്യവസ്ഥയ്ക്ക് മാറ്റം വന്നത്. അക്കാലത്ത് തർക്കങ്ങളും വഴക്കുകളും പറഞ്ഞു തീർത്തിരുന്നത് ഇവിടുത്തെ നാട്ടുകൂട്ടങ്ങൾ എന്നു വിളിക്കപ്പെട്ടിരുന്ന നാട്ടു പ്രമാണിമാരുടെ സംഘമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിൽ നാട്ടുകൂട്ടങ്ങൾ നിലനിന്നിരുന്നതായി സൂചനകളുണ്ട്. അയ്യൻകാളിയുടെയും ശ്രീനാരായണ ഗുരുദേവന്റെയും നേതൃത്വത്തിൽ സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനങ്ങൾ, ഉത്തരവാദഭരണ പ്രക്ഷോഭവും അയിത്തോച്ചാടന സമരങ്ങൾ, വൈക്കം സത്യാഗ്രഹം എന്നിവയെല്ലാം പിൽക്കാലതത്ത് ഈ പ്രദേശത്തുണ്ടായ പുരോഗമനപരമായ മാറ്റങ്ങൾക്ക് വിത്ത് പാകിയ ജനകീയ മുന്നേറ്റങ്ങളായിരുന്നു. ശ്രീ നാരായണ ഗുരുദേവന്റെ പാദസ്പർശം കൊണ്ട് അനുഗൃഹീതമായ പല സ്ഥലങ്ങളും ഇവിടെയുണ്ട്. 1960 കാലഘട്ടം വരെ തലയാട്ടുകളി, കാളകളി, പുള്ളുവൻപാട്ട് സർപ്പംപാട്ട്. ഞാറ്റുപാട്ട്, ഉടുക്കുപാട്ട്, കുതിരകളി തുടങ്ങിയ കലാരൂപങ്ങൾ ഇവിടെ നിലനിന്നിരുന്നു. ഇരുപതാം നൂറ്റാണ്ടാദ്യം മുതൽ എല്ലാ ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസം ലഭിച്ചിരുന്നു. അതിനു മുൻപ് കുടിപ്പള്ളിക്കൂടങ്ങളിലൂടെയായരുന്നു വിദ്യാഭ്യസം ലഭിച്ചിരുന്നത്. സ്വാതന്ത്ര്യ സമരകാലത്ത ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പി.ജെ എബ്രഹാം, പെരുമാപ്പാടം, ചെറുമുട്ടത്ത് കളപ്പുരയിൽ കെ.മാധവൻ പിള്ള തുടങ്ങി ആ കാലത്തെ ഒരുപറ്റം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ഗാന്ധി തൊപ്പി ധരിച്ച് ചെറു ജാഥകളും മറ്റും ഇവിടെ നടന്നിട്ടുണ്ട്. 1965 ൽ ഇവിടെ കർഷക പ്രസ്ഥാനം രൂപം കൊണ്ടു. ഹിന്ദു ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട 16 ക്ഷേത്രങ്ങളും 4 ക്രിസ്ത്യൻ പള്ളികളും പഞ്ചായത്തിൽ പലയിടത്തായി നിലകൊള്ളുന്നു. നീണ്ടൂർക്കാവ് പൂരവും, മൂഴിക്കുളങ്ങര അമ്പലത്തിലെ മുടിയേറ്റും, നീണ്ടൂർ പള്ളി പെരുന്നാളുമാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. പ്രസിദ്ധ ന്യായാധിപൻ ജസ്റ്റീസ് സിറിയക്ക് ജോസഫ് നീണ്ടൂർ പഞ്ചയത്തിൽ ജനിച്ച വ്യക്തിയാണ്. കലാ സാംസ്ക്കാരിക രംഗത്ത സജീവമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന നിരവധി സംഘടനകൾ പഞ്ചയത്തിലുണ്ട്. 98.7 ശതമാനം ആണ് ഇവിടുത്തെ സാക്ഷരത നിരക്ക്. ആദ്യത്തെ പഞ്ചായത്ത് കമ്മറ്റി 1953 ൽ റവ. ഫാ.ജോസഫ് കങ്ങാരപ്പള്ളിയുടെ നേതൃത്വത്തിലും രണ്ടാമത്തെ പഞ്ചായത്ത് ഭരണസമിതി ശ്രീ. ഇട്ടിക്കുഞ്ഞ് മാന്തുരുത്തിലിന്റെയും, വീണ്ടൂം 1979 ൽ മൂന്നാമത് ഭരണസമിതി ശ്രി. ഇട്ടിക്കുഞ്ഞ് മാന്തുരുത്തിൽ പ്രസിഡന്റായും നാലാമത് ഭരണസമിതി 1987ൽ ശ്രീ. വി.നാരായണൻ നമ്പൂതിരി പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിൽ ശ്രീമതി സവിത ജോമോൻ പ്രസിഡന്റായുള്ള ഭരണസമിതിയാണ് നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ.